2022 നവംബറിലെ വിധിയിൽ സുപ്രീം കോടതി അനുവദിച്ച 4-മാസ കാലയളവ് അവസാനിക്കാനിരിക്കെ, ഉയർന്ന പി.എഫ്. പെൻഷനെക്കുറിച്ചുള്ള ഒരു അറിവിപ്പ് പുറപ്പെടുവിച്ചുകൊണ്ട് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇ.പി.എഫ്.ഒ.) അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നൊഴിവാകാനായിട്ടില്ല. 1995-ലെ എംപ്ലോയീസ് പെൻഷൻ സ്കീമിലെ (ഇ.പി.എസ്.) അംഗങ്ങളായവരിൽ 2014 സെപ്റ്റംബർ 1-ന് സേവനമനുഷ്ഠിക്കുകയും അവരുടെ തൊഴിലുടമകൾ നിയമാനുസൃത പരിധിയിൽ കൂടുതൽ പി.എഫ്. സംഭാവനകൾ – 5,000 രൂപ (മെയ് 31, 2001 വരെ), 6,500 രൂപ (2014 ഓഗസ്റ്റ് 31 വരെ) – നൽകുകയും ചെയ്തവർക്കാണ് ഈ കാലയളവ് ബാധകം. പക്ഷേ, ഇ.പി.എഫ്.ഒ. തീരുമാനമെടുക്കാൻ വൈകി. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള ‘വിവേചനാധികാരം’ ഉപയോഗപ്പെടുത്തി കോടതി ഈ അംഗങ്ങൾക്ക് നാല് മാസത്തെ സമയം അനുവദിച്ച് “ഒരവസരം കൂടി” നൽകി. 2014-ലെ ഇ.പി.എസ്. ഭേദഗതിയനുസരിച്ച് രണ്ട് അവസരങ്ങൾ മുമ്പ് നൽകിയിരുന്നു. മൂന്ന് ഹൈക്കോടതികൾ റദ്ദാക്കിയ ഭേദഗതിയുടെ സാധുത സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടെന്ന് കോടതി കണ്ടെത്തി. അവസാന തീയതിയെക്കുറിച്ചുള്ള അധികാരികളുടെ വ്യാഖ്യാനം കാരണം യോഗ്യരായ ജീവനക്കാർക്ക് ഭേദഗതിയനുസരിച്ച് ഒരു വർഷത്തിനുള്ളിൽ തങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ സാധിച്ചില്ല എന്നായിരുന്നു കോടതിയുടെ ന്യായം. നിർഭാഗ്യവശാൽ, ഏറ്റവും പുതിയ അറിയിപ്പ് സമഗ്രമല്ല. യോഗ്യരായ ജീവനക്കാർക്ക് ഒരു തീരുമാനത്തിലെത്താൻ ഇനിയും അറിയിപ്പുകൾ പുറപ്പെടുവിക്കേണ്ടതുണ്ട്. കൂടാതെ, ഇതെല്ലാം കോടതിയുടെ സമയപരിധിയായ മാർച്ച് 3-നോ അതിനുമുമ്പോ ചെയ്യേണ്ടതുമുണ്ട്. അംഗത്തിന്റെ വ്യക്തിഗത പി.എഫ്. അക്കൗണ്ടിൽ നിന്ന് പലരുടേയും സംഭാവനകൾ ചേർന്ന പെൻഷൻ ഫണ്ടിലേക്ക് പണം കൈമാറാൻ അനുവദിക്കുന്ന ഒരു സമ്മതപത്രം നൽകേണ്ടതുണ്ട്. അത്തരമൊരു കൈമാറ്റത്താൽ ആജീവനാന്ത സമ്പാദ്യത്തിന്റെ ഗണ്യമായ ഒരു ഭാഗം വകമാറ്റേണ്ടിവരുന്നതുകൊണ്ട് തീരുമാനം തിടുക്കത്തിൽ എടുക്കാൻ കഴിയില്ല.
കൂടാതെ, സാധാരണ സ്ഥാപനങ്ങളുടെ കാര്യത്തിലെന്നപോലെ, ഒഴിവാക്കിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഭേദഗതി വരുത്തിയ പെൻഷൻ പദ്ധതി ബാധകമാകുമെന്ന് കോടതി വ്യക്തമാക്കിയതിനാൽ, അപേക്ഷിക്കാൻ സാധ്യതയുള്ളവരുടെ എണ്ണം ഉയർന്നതായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ, ഓൺലൈനായോ അല്ലാതെയോ വരുന്ന അപേക്ഷകളുടെ ഒരു പ്രളയത്തിന് സാധ്യതയുണ്ട്. ഇത് പി.എഫ്. അധികാരികളുടെ പതിവ് ജോലികൾക്ക് തടസ്സമാകും. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിലുള്ള ചില ഘടകങ്ങളും അറിയിപ്പ് പരിഗണിച്ചിട്ടില്ല. കടുത്ത ധനപ്രതിസന്ധി കാരണം ചില തൊഴിലുടമകൾ അവരുടെ സംഭാവനകൾ നിയമാനുസൃത പരിധിക്കുള്ളിൽ പരിമിതപ്പെടുത്തി. മഹാമാരി പൊട്ടിപ്പുറപ്പെടുന്നത് വരെ, മറ്റ് പലരെയും പോലെ, ഇവരും നിയമാനുസൃത പരിധിക്ക് മുകളിൽ സംഭാവനകൾ നൽകിയിരുന്നു. അത്തരം ജീവനക്കാർക്കുള്ള പെൻഷൻ എങ്ങനെ കണക്കാക്കുമെന്ന് ഇ.പി.എഫ്.ഒ. വ്യക്തമാക്കണം. ഇക്കാരണത്താൽ സമയപരിധി നീട്ടണമെന്ന നിർദേശം അസ്ഥാനത്തല്ല. എന്നിരുന്നാലും, ഇ.പി.എഫ്.ഒ.യ്ക്ക് കോടതി ഉത്തരവ് പാലിക്കേണ്ടതിനാൽ, ഉയർന്ന പി.എഫ്. പെൻഷനെക്കുറിച്ചുള്ള വ്യക്തമായ വിശദാംശങ്ങളോടെ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ദ്രുതഗതിയിൽ പുറപ്പെടുവിക്കേണ്ടതുണ്ട്.
This editorial has been translated from English, which can be read here.
COMMents
SHARE