കുട്ടികളുടെ അവകാശങ്ങൾ കേന്ദ്രബിന്ദുവാകുമ്പോൾ  

രക്ഷാകർതൃ തർക്കങ്ങളിൽ മാത്രമല്ല, എല്ലായ്പ്പോഴും കുട്ടിയുടെ നന്മയായിരിക്കണം മുഖ്യം 

February 24, 2023 11:29 am | Updated 11:29 am IST

1959-ൽ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും അടിസ്ഥാന അവകാശങ്ങൾ ഉറപ്പാക്കുന്ന ആദ്യത്തെ അവകാശ പ്രഖ്യാപനം അംഗീകരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “കുട്ടികൾക്ക് ഏറ്റവും മികച്ചത് നൽകാൻ മനുഷ്യവർഗത്തിന് ബാധ്യതയുണ്ട്.” എന്നിരുന്നാലും, കുട്ടികൾ  ദുർബലരായതുകൊണ്ട്, അവരെ സംരക്ഷിക്കാൻ ബാധ്യതയുള്ള ആളുകളുടെ അധികാര ദുർവിനിയോഗത്തിന് പലപ്പോഴും അവർ ഇരകളായിത്തീരുന്നുവെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഡിജിറ്റൽ സാങ്കേതികവിദ്യകളിലെ പുരോഗതി, ജനനം സർക്കാർ രേഖകളിൽ ഉൾപ്പെടുത്തുക, നിയമപരമായ തിരിച്ചറിയൽ രേഖ ഉണ്ടാക്കുക, ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക തുടങ്ങി പല മേഖലകളിലും സഹായിച്ചിട്ടുണ്ട്. എന്നാൽ മുന്നോട്ടുള്ള യാത്രയിൽ, ഒത്തൊരുമയോടെ പരിപാലിക്കപ്പെടാനുള്ള ഒരു കുട്ടിയുടെ അവകാശങ്ങളെ അത് ചവിട്ടിമെതിക്കരുത്. പരസ്പരം പോരടിക്കുന്ന മാതാപിതാക്കൾ തമ്മിലുള്ള ഓരോ കേസിലും വിശ്വാസവഞ്ചന തെളിയിക്കാനുള്ള കുറുക്കുവഴിയെന്ന നിലയിൽ കുട്ടികളെ യാന്ത്രികമായി ഡി.എൻ.എ. പരിശോധനയ്ക്ക് വിധേയരാക്കാൻ കഴിയില്ലെന്ന്, സ്വകാര്യതയ്ക്കുള്ള കുട്ടികളുടെ മൗലികാവകാശത്തിന്  ഊന്നൽ കൊടുത്തുകൊണ്ട് സുപ്രീം കോടതി വിധിച്ചു. തന്റെ രണ്ടാമത്തെ കുട്ടിയുടെ പിതൃത്വം ചോദ്യംചെയ്തുകൊണ്ട്  ഒരു വ്യക്തി സമർപ്പിച്ച ഹർജിയിൽ, ജനിതക വിവരങ്ങൾ ഒരു വ്യക്തിയുടെ അന്തഃസത്തയെയാണ് തെളിയിക്കുന്നതെന്നും അവൾ അല്ലെങ്കിൽ അവൻ ആരാണെന്നതിന്റെ ചോദ്യത്തിലേക്കാണ് പോകുന്നതെന്നും ന്യായാധിപരായ വി.രാമസുബ്രഹ്മണ്യനും, ബി.വി നാഗരത്‌നയും നിരീക്ഷിച്ചു. ഈ “സ്വകാര്യ, വ്യക്തിഗത വിവരങ്ങൾ” കുട്ടിയുടെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കോടതി പറഞ്ഞു. കുട്ടികൾക്ക് അവരുടെ പിതൃത്വം കോടതിയുടെ മുമ്പാകെ നിസ്സാരമായി ചോദ്യം ചെയ്യപ്പെടാതിരിക്കാൻ അവകാശമുണ്ട്, അത് ചൂണ്ടിക്കാട്ടി.

കുട്ടികളെ ഭൗതിക വസ്തുക്കളായി കണക്കാക്കരുതെന്നും, അവർ വിവാഹമോചന നടപടികളിൽ കക്ഷികളല്ലാത്തത് കൊണ്ട്, അവസാന ആശ്രയമെന്ന നിലയിൽ മാത്രമേ ഫോറൻസിക്/ഡി.എൻ.എ. പരിശോധനയ്ക്ക് വിധേയരാക്കാവൂ എന്നും ജസ്റ്റിസ് നാഗരത്‌ന കോടതികൾക്ക് നിർദ്ദേശം നൽകി. കുട്ടികൾ ജീവിതപങ്കാളികൾ തമ്മിലുള്ള പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവാകരുത്, അവർ കൂട്ടിച്ചേർത്തു. ഇത് സ്വാഗതാർഹമായ നീക്കമാണെങ്കിലും, 1989-ലെ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഉടമ്പടിപ്രകാരം ഇന്ത്യയിലെ ഓരോ കുട്ടിക്കും “പ്രത്യേക പരിചരണവും സഹായവും” ഉറപ്പുനൽകുന്നതിന് വളരെയേറെ മൈലുകൾ മുന്നോട്ട് പോകാനുണ്ട്. വളരെയധികം ബാല്യങ്ങൾ വെട്ടിച്ചുരുക്കപ്പെടുന്നു; ‘എല്ലാ കുട്ടികൾക്കും എല്ലാ അവകാശങ്ങളുണ്ട്’ എന്ന പ്രമാണം പലപ്പോഴും മറക്കപ്പെടുന്നു. ഇന്ത്യ 1992-ൽ ഉടമ്പടി അംഗീകരിക്കുകയും വർഷങ്ങളായി കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിരവധി നിയമങ്ങൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ശരിയായി നിയമങ്ങൾ നടപ്പിലാക്കി കുട്ടികളെ പീഡനം, അക്രമം, ചൂഷണം, അവഗണന എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിൽ ഇവ വിജയിച്ചില്ല. രക്ഷാകർതൃ തർക്കങ്ങളിൽ മാത്രമല്ല, സാമൂഹിക ജീവിതത്തിന്റെ എല്ലാ തലങ്ങളിലും കുട്ടിയുടെ താൽപ്പര്യങ്ങളുടെ സംരക്ഷണമായിരിക്കണം കേന്ദ്രബിന്ദു.

This editorial has been translated from English, which can be read here.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.