സിംഗപ്പൂരിൽ പഠിക്കുകയോ താമസിക്കുകയോ ചെയ്യുന്ന ബന്ധുവിന് പണം കൈമാറുന്നത് അല്ലെങ്കിൽ ഈ തെക്കുകിഴക്കൻ ഏഷ്യൻ നഗര രാഷ്ട്രത്തിൽ ജോലി ചെയ്യുന്ന ഒരു കുടുംബാംഗത്തിൽ നിന്ന് പണം സ്വീകരിക്കുന്നത് ഇപ്പോൾ വളരെ ലളിതമാണ്. ഫെബ്രുവരി 21-ന്, റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും സിംഗപ്പൂർ ധനകാര്യ അതോറിറ്റി മാനേജിംഗ് ഡയറക്ടർ രവി മേനോനും യഥാക്രമം തങ്ങളുടെ ഇന്ത്യയിലേയും സിംഗപ്പൂരിലേയും ഫോണുകളിലെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസും (യു.പി.ഐ.) പേനൗ മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിച്ച് പരസ്പരം പ്രതീകാത്മകമായി അതിർത്തി കടന്നുള്ള തത്സമയ പണമിടപാട് നടത്തി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയും മലാക്ക കടലിടുക്കിന് അപ്പുറമുള്ള അയൽരാജ്യവും രണ്ടിടങ്ങളിലേയും വ്യക്തികൾ തമ്മിലുള്ള തത്സമയ പണം കൈമാറ്റത്തിന് തുടക്കം കുറിച്ചു. വലിയ തോതിൽ ഇന്ത്യൻ പ്രവാസികളും, സജീവമായ നിർമ്മാണം, തീരദേശ കപ്പൽനിർമ്മാണം, സേവന മേഖലകൾ എന്നിവയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളും ഉള്ള നഗരമാണ് സിംഗപ്പൂർ. സിംഗപ്പൂർ ഡോളറോ (എസ്.ജി.ഡി.) അല്ലെങ്കിൽ ഇന്ത്യൻ രൂപയോ ‘ബന്ധുവിന്റെ ഉപജീവനത്തിന്’ അല്ലെങ്കിൽ ‘സമ്മാനമായി’ അയയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഇന്ത്യയിലെ യു.പി.ഐ.യും സിംഗപ്പൂരിലെ പേനൗ ആപ്പും ഉപയോഗിച്ച് പണം സുഗമമായി കൈമാറാൻ ഈ ബന്ധം സഹായിക്കുന്നു. തുടക്കത്തിൽ, ഇന്ത്യയിലെ മൂന്ന് സർക്കാർ ബാങ്കുകളും, രണ്ട് സ്വകാര്യ ബാങ്കുകളും, സിംഗപ്പൂരിലെ ഡി.ബി.എസ്. ബാങ്കിന്റെ ഇന്ത്യൻ ശാഖകളും അവരുടെ അക്കൗണ്ട് ഉടമകൾക്ക് ഇന്ത്യയിലേക്ക് പണമയയ്ക്കാൻ സൗകര്യമൊരുക്കും. അതേസമയം, ഒരു സ്വകാര്യ ബാങ്കിന്റേയും മൂന്ന് പൊതുമേഖലാ ബാങ്കുകളുടേയും ഉപഭോക്താക്കൾക്ക് ലിങ്ക് ഉപയോഗിച്ച് പണം അയയ്ക്കാൻ സാധിക്കും. സിംഗപ്പൂരിൽ, ഡി.ബി.എസ്. ബാങ്കിന്റെയും ബാങ്ക്-ഇതര ധനകാര്യസ്ഥാപനമായ ലിക്വിഡ് ഗ്രൂപ്പിന്റെയും ഉപഭോക്താക്കൾക്ക് പണം കൈമാറ്റ സൗകര്യം പ്രയോജനപ്പെടുത്താം.
ഒരു ചെറിയ തുടക്കമാണെങ്കിലും, പ്രതിദിന ഇടപാട് പരിധി 60,000 രൂപ അല്ലെങ്കിൽ ഏകദേശം എസ്.ജി.ഡി.1,000 ആയതുകൊണ്ട്, ബാങ്കിന്റെ ശാഖയോ, അല്ലെങ്കിൽ ഇന്റർനെറ്റിലൂടെ പണം കൈമാറുന്ന കമ്പനിയുടെ കേന്ദ്രമോ അതുമല്ലെങ്കിൽ ഉയർന്ന ചെലവും അപകടസാധ്യതയുള്ളതുമായ ‘ഹവാല’ മാർഗ്ഗങ്ങളോ ആശ്രയിക്കാതെ വേഗത്തിലും സുരക്ഷിതമായും പ്രിയപ്പെട്ടവർക്ക് പണം അയയ്‌ക്കാൻ വ്യക്തികളെ പ്രാപ്‌തമാക്കുന്ന ഈ ലിങ്ക് പ്രാധാന്യമേറിയതാണ്. വ്യക്തികളുടേയും വ്യാപാരികളുടേയും വ്യവഹാര ചെലവ് കുറയ്ക്കുന്ന തരത്തിൽ അതിർത്തി കടന്നുള്ള തത്സമയ പണ കൈമാറ്റം സുഗമമാക്കുന്നതിനുള്ള വിശാലമായ പ്രാദേശിക ശ്രമത്തിന്റെ ഭാഗമാണ് ഈ കൂട്ടുകെട്ട്. മാത്രമല്ല, ഇടപാട് പൂർത്തിയാക്കാൻ ബാഹ്യമായ ഒരു കറൻസിയെ, പ്രധാനമായും അമേരിക്കൻ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും കഴിയും. 2021-ൽ തായ്‌ലൻഡുമായി സമാനമായ പണമിടപാട് ബന്ധം സ്ഥാപിച്ച സിംഗപ്പൂർ – മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ സമ്പദ്‌വ്യവസ്ഥകളുടെ കേന്ദ്ര ബാങ്കുകൾക്കിടയിൽ ആഭ്യന്തര ഡിജിറ്റൽ പണം കൈമാറ്റ സംവിധാനങ്ങൾ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന – ഒരു വലിയ അഞ്ചംഗ സംരംഭത്തിന്റെ ഭാഗമാണ്. അതിർത്തി കടന്നുള്ള ഡിജിറ്റൽ പണമിടപാട് ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനും തെക്ക്കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയിലെ മറ്റ് പങ്കാളികളിലേക്കും ബന്ധം വ്യാപിപ്പിക്കുന്നതിനും സിംഗപ്പൂരുമായുള്ള ഈ കൂട്ടുകെട്ട് സഹായകമാകും. പ്രാദേശിക വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും ഇത് തീർച്ചയായും ഒരു ഉത്തേജനമാകും. കൂടാതെ, ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ കൂടുതൽ ഔപചാരികമാക്കുന്നതിന് ഇത്തരമൊരു ശൃംഖല സഹായിക്കും.
This editorial has been translated from English, which can be read here.
COMMents
SHARE