എ.ഐ.എ.ഡി.എം.കെ. ഇടക്കാല ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമിക്ക് അനുകൂലമായി പരമോന്നത കോടതിയുടെ വിധി വരികയും എതിരാളിയായ ഒ. പനീർശെൽവവും അദ്ദേഹത്തിനുള്ള കുറച്ച് അണികളും ഒറ്റപ്പെടുകയും ചെയ്തതോടെ പാർട്ടിയിലെ ആഭ്യന്തര പ്രതിസന്ധി ഒഴിവായതായി കരുതാം. 2022 ജൂലൈ 11-ന് പ്രത്യേക ജനറൽ കൗൺസിൽ യോഗം വിളിച്ചത് നിയമവിരുദ്ധമല്ലെന്ന് രണ്ടംഗ ബെഞ്ച് കണ്ടെത്തി. ഈ യോഗത്തിൽ കോർഡിനേറ്ററുടെയും സഹ-കോർഡിനേറ്ററുടെയും കീഴിലുള്ള ‘ഇരട്ട നേതൃത്വ’ സമ്പ്രദായം റദ്ദാക്കുകയും, ജനറൽ സെക്രട്ടറി സ്ഥാനം പുനഃസ്ഥാപിക്കുകയും, പനീർശെൽവത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്ന പ്രമേയങ്ങൾ അംഗീകരിച്ചിരുന്നു. ഈ പ്രമേയങ്ങളുടെയൊന്നും സാധുതയിലേക്ക് കോടതി കടന്നില്ല. അകന്ന് പോയ നേതാക്കളെ, യാഥാർത്ഥ്യങ്ങൾ അവഗണിച്ച് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിർബന്ധിച്ച് ഒരുമിച്ച് പ്രവർത്തിപ്പിക്കാൻ മദ്രാസ് ഹൈക്കോടതിയിലെ ന്യായാധിപന് ആവില്ലെന്ന് പരമോന്നത കോടതി പറഞ്ഞു. പിന്നീട് ഹൈക്കോടതിയുടെ രണ്ടു ന്യായാധിപരുള്ള ബെഞ്ച് അതിൽ ശരിയായ രീതിയിൽ ഇടപെട്ടുവെന്നും കോടതി അഭിപ്രായപ്പെട്ടു. ഒരു കോടതി ഉത്തരവിലൂടെ ഇരട്ടനേതൃത്വം തുടരാനും പാർട്ടിക്കാര്യങ്ങളിൽ തുല്യ നിയന്ത്രണം നിലനിർത്താനും ശ്രമിച്ച പനീർശെവത്തിന്റെയും കൂട്ടരുടെയും ശ്രമം ഈ വിധിയിലൂടെ പൊലിഞ്ഞുപോയി. ഈ തീരുമാനങ്ങളുടെ നിയമസാധുത സിവിൽ കേസുകളിലൂടെ പുനരവലോകനം ചെയ്യാനുള്ള സാധ്യതയുണ്ടെങ്കിലും, അടുത്തൊന്നും കോടതിയുടെ അവസാന തീരുമാനം വരാൻ സാധ്യതയില്ല. സംഘടനയുടെ വിവിധ തലങ്ങളിലുള്ള മൃഗീയ ഭൂരിപക്ഷത്തിന്റെ സഹായത്തോടെ എതിരാളികളെ കടത്തിവെട്ടിയ പളനിസാമി അതുവരെ എ.ഐ.എ.ഡി.എം.കെ.യുടെ പൂർണ്ണ നിയന്ത്രണം കയ്യാളും.
“സ്വേച്ഛാധിപതിയിൽ നിന്ന് പാർട്ടിയെ വീണ്ടെടുക്കുമെന്ന്” അടുത്തിടെ പനീർശെൽവം പ്രഖ്യാപിച്ചിരുന്നു. എന്നാൽ തന്റെ രാഷ്ട്രീയ അടിത്തറ വികസിപ്പിക്കാതെ പാർട്ടി പിടിച്ചടക്കാമെന്ന് വ്യാമോഹിച്ചാൽ അദ്ദേഹം രാഷ്ട്രീയ വിസ്മൃതിയിൽ ആഴ്ന്ന് പോകുമെന്ന് വ്യക്തമാണ്. തന്റെ വാദത്തിന് ശക്തിപകരാൻ കോടതി നടപടികളെ ആശ്രയിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ കേന്ദ്രത്തിന്റെയും, ബി.ജെ.പി.യുടെയും പ്രിയങ്കരനാവാനുള്ള ശ്രമങ്ങൾ അദ്ദേഹത്തിന് ഗുണം ചെയ്യുന്നില്ല. പാർട്ടിയുടെ ‘രണ്ടില’ ചിഹ്നം വിജയിക്കാൻ തന്റെ അനുയായികൾ ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെട്ട് ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ തന്റെ വിഭാഗത്തിന്റെ സ്ഥാനാർഥിയെ പിൻവലിച്ചത് പനീർശെൽവം തോൽവി സമ്മതിച്ചതിന് തുല്യമായി. പാർട്ടി ജനറൽ കൗൺസിൽ അംഗങ്ങൾക്കിടയിൽ പരമോന്നത കോടതിയുടെ ഉത്തരവുപ്രകാരം നടത്തിയ കണക്കെടുപ്പിൽ ഭൂരിപക്ഷം അംഗങ്ങളും പളനിസാമിയുടെ നിയുക്‌ത സ്ഥാനാർത്ഥിയെ പിന്തുണച്ചിരുന്നു. ബി.ജെ.പി.യെ തന്റെ പക്ഷത്ത് നിർത്താനുള്ള ശ്രമങ്ങളിൽ പളനിസാമിയും ഒട്ടും പുറകിലല്ല. പാർട്ടിക്കുമേൽ അദ്ദേഹത്തിനുള്ള ശക്തമായ പിടി രാഷ്ട്രീയ ഗോദയിൽ പിടിച്ചുനിൽക്കാൻ സഹായകരമാവുമെന്ന് കരുതാം. എന്നിരുന്നാലും, ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള ഉറച്ച കൂട്ടുകെട്ടിനെ തെരഞ്ഞെടുപ്പ് രംഗത്ത് നേരിടുകയെന്ന ശക്തമായ വെല്ലുവിളി അദ്ദേഹത്തിന് മുന്നിലുണ്ടാവും.
This editorial has been translated from English, which can be read here.
COMMents
SHARE