പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശമായ പരാമർശം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവും മുഖ്യ വ്യക്താവുമായ പവൻ ഖേരയെ റായ്പൂരിലേക്കുള്ള വിമാനത്തിൽ നിന്ന് ഇറക്കിയതിന് ശേഷം അറസ്റ്റ് ചെയ്തത് ക്രിമിനൽ നിയമം എങ്ങനെ രാഷ്ട്രീയ പകപോക്കലിനായി ദുരുപയോഗം ചെയ്യാമെന്നതിന്റെ മറ്റൊരു ഉദാഹരണമാണ്. അദ്ദേഹത്തിന്റെ അഭിഭാഷകർക്ക് സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ഉറപ്പാക്കുന്ന ഒരു ഉത്തരവ് നേടാൻ കഴിഞ്ഞു. എന്നാൽ, അറസ്റ്റ് ചെയ്യാനുള്ള അധികാരത്തെ രാഷ്ട്രീയ നിർദ്ദേശങ്ങൾക്കനുസരിച്ച് എങ്ങിനെ ദുരുപയോഗം ചെയ്യാനാവുമെന്ന് ഇത് എടുത്തു കാട്ടുന്നു. ഒരു അഭിപ്രായത്തെ കുറ്റകരമോ വേദനാജനകമോ ആണെന്ന് പറഞ്ഞ് അപലപിക്കാമെങ്കിലും ദേശീയ ഉദ്ഗ്രഥനത്തെ ഹനിക്കുന്നു, മതവികാരം വ്രണപ്പെടുത്തുന്നു, സമൂഹത്തിൽ ശത്രുത ഉണ്ടാക്കുന്നു തുടങ്ങിയ കുറ്റങ്ങൾ ആരോപിക്കുന്നത് മറ്റൊരു തലത്തിലാണ് കാണേണ്ടത്. വികാരം വ്രണപ്പെട്ടുവെന്ന് അവകാശപ്പെടുന്ന ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിദൂര സംസ്ഥാനത്ത് നിന്നുള്ള പോലീസ് ദീർഘദൂരം സഞ്ചരിച്ച് ആജ്ഞാപത്രമില്ലാതെ അറസ്റ്റ് നടത്തുകയാണെങ്കിൽ അത് കടുത്ത അധികാര ദുർവിനിയോഗമാണ്. മോദിയെ ‘ഗോഡ്‌സെ ആരാധകൻ’ എന്ന് ട്വിറ്ററിൽ വിളിച്ചതിന് ഗുജറാത്ത് നിയമസഭാംഗം ജിഗ്നേഷ് മേവാനിയെ 2022 ഏപ്രിലിൽ അറസ്റ്റ് ചെയ്യുകയും അസം കോടതിയിൽ ഹാജരാക്കുകയും ചെയ്ത അസം പോലീസ്, ഖേരയ്‌ക്കെതിരെ ഇതേ നടപടി ആവർത്തിക്കാൻ ശ്രമിച്ചെങ്കിലും കോടതി ഇടപെട്ട് അത് തടഞ്ഞു. തങ്ങളുടെ അധികാരപരിധിയുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവങ്ങളെ സംബന്ധിച്ച പരാതികളിന്മേൽ നടപടിയെടുക്കാൻ ഭാരതീയ ജനതാ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസ് ഉത്സാഹം കാണിക്കുന്നു എന്നത് അലോസരപ്പെടുത്തുന്നു. സന്ദർഭവശാൽ, മറ്റ് പലയിടത്തുമെന്ന പോലെ ഈ സംസ്ഥാനത്തും ഇത് വാർത്തയായതൊഴിച്ചാൽ, ഇതുമായി ഇവർക്ക് ബന്ധമൊന്നുമില്ല
.പാർട്ടി വക്താക്കൾ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾക്കെതിരെ അനാവശ്യമായ കുത്തുവാക്കുകൾ ഉപയോഗിക്കുന്നത് അസാധാരണമല്ല. പ്രധാനമന്ത്രിയുടെ മധ്യനാമമായി ‘ഗൗതംദാസ്’ എന്ന പേര് ഖേര ഉപയോഗിച്ചു. ഇത് വ്യവസായി ഗൗതം അദാനിയുമായി മോദിക്ക് അടുപ്പമുണ്ടെന്ന ആരോപണത്തെ വ്യംഗ്യമായി സൂചിപ്പിക്കുന്നുവെന്ന് കരുതുന്ന മോദിയുടെ ആരാധകരെ ചൊടിപ്പിച്ചു. വാസ്തവത്തിൽ, ഖേര തന്റെ അഭിപ്രായത്തിന് ക്ഷമാപണം നടത്തിയിരുന്നു. അധികാരത്തിൽ ഇരിക്കുന്നവർക്കെതിരെയുള്ള പരുഷവും അനഭിലഷണീയവുമായ പരാമർശങ്ങൾക്ക് പോലീസ് പലപ്പോഴും കേസെടുക്കാറുണ്ട്. എന്നിരുന്നാലും, ഇത്തരം കേസുകളിൽ ഒരാളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടോയെന്നത് സംശയാസ്പദമാണ്. ഖേരയുടെ കാര്യത്തിലെന്നപോലെ, മിക്ക സന്ദർഭങ്ങളിലും ഇത്തരം അഭിപ്രായങ്ങൾ എഫ്.ഐ.ആറു.കളിൽ പരാമർശിച്ചിരിക്കുന്നതുപോലുള്ള ഗുരുതരമായ കുറ്റങ്ങളല്ല. വിദ്വേഷമുളവാക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ വാക്കുകൾ അറസ്റ്റിലേക്ക് നയിക്കാം. എന്നാൽ പരുഷമായ വിമർശനമോ അരോചകമായ അഭിപ്രായപ്രകടനങ്ങളോ ഇതിൽപ്പെടില്ല. വ്യത്യസ്‌ത അധികാരപരിധിയിലുള്ള ഒന്നിലധികം എഫ്.ഐ.ആറു.കളും, കേസിൽപെട്ടവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളും ചില സംസ്ഥാനങ്ങളിലെ ഭരണാധികാരികൾ ഇപ്പോൾ പൊതുവായി സ്വീകരിക്കുന്ന നയമാണ്. ഏഴു വർഷത്തിൽ താഴെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്യുന്നത് അറസ്റ്റിന്റെ മാനദണ്ഡങ്ങളുടെ ലംഘനമാണ് എന്ന വസ്തുത പലപ്പോഴും വിവാദങ്ങൾക്കിടയിൽ മുങ്ങിപ്പോകുന്നു. പക്ഷപാതപരമായി നടപടിയെടുത്ത പോലീസ് ഉദ്യോഗസ്ഥരേയും മറ്റു സർക്കാർ ഉദ്യോഗസ്ഥരേയും കുറ്റാരോപിതരാക്കുന്നതിന് പകരം കോടതികൾ ജാമ്യം അനുവദിക്കുകയോ, എഫ്.ഐ.ആറു.കൾ ഒരുമിച്ച് ചേർക്കുകയോ മാത്രം ചെയ്യുന്നിടത്തോളം കാലം ഇത്തരം ഭീകരമായ ലംഘനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.
This editorial has been translated from English, which can be read here.
COMMents
SHARE