ഛത്തീസ്ഗഡിലെ റായ്പൂരിൽ സമാപിച്ച കോൺഗ്രസിന്റെ എൺപത്തഞ്ചാമത് പ്ലീനറി സമ്മേളനം 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളുടെ രൂപരേഖയുണ്ടാക്കി. കൂടാതെ, പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയുടെ അധികാരം ഊട്ടിയുറപ്പിക്കുകയും ചെയ്തു. സമാന ചിന്താഗതിക്കാരായ മതേതര പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സന്നദ്ധത വ്യക്തമാക്കിയതിന് പുറമെ, കൃത്യമായ സാമൂഹിക നീതിയിൽ അധിഷ്ഠിതമായ കാര്യപരിപാടി പിന്തുടരാനും കോൺഗ്രസ് തീരുമാനിച്ചു. ഇത് പാർട്ടിയുടെ സമീപനത്തിൽ വന്ന അടിസ്ഥാനപരമായ മാറ്റമാണ്. പാർട്ടിക്ക് എല്ലായ്‌പ്പോഴും സാമൂഹ്യക്ഷേമത്തിനായുള്ള കാര്യപരിപാടിയുണ്ടായിരുന്നെങ്കിലും, പിന്നോക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ അഭിലാഷങ്ങളെ ഉൾക്കൊള്ളുന്നതിൽ അത് പരാജയപ്പെട്ടു. ഇതിനാൽ ഈ വിഭാഗങ്ങൾ മറ്റ് പാർട്ടികളാണ് തങ്ങൾക്ക് കൂടുതൽ അനുയോജ്യരെന്ന് കരുതിയിരുന്നു. പാർട്ടി സാമൂഹ്യനീതിയെക്കുറിച്ച് ഒരു പ്രത്യേക പ്രമേയം അംഗീകരിച്ചു. അധികാരത്തിൽ വന്നാൽ, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി.) ശാക്തീകരണത്തിനായി ഒരു പ്രത്യേക മന്ത്രാലയവും, സാമൂഹിക നീതിക്കായുള്ള ദേശീയ കൗൺസിലും വാഗ്ദാനം ചെയ്തു. ദേശീയ സാമ്പത്തിക സർവേ പോലെ വാർഷിക”സാമൂഹിക നീതി” റിപ്പോർട്ട് പ്രസിദ്ധീകരിക്കും. പട്ടികജാതി (എസ്.സി.), പട്ടികവർഗ (എസ്.ടി.), ഒ.ബി.സി.കൾക്ക് ഉന്നത നീതിന്യായകോടതികളിൽ സംവരണവും പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി രോഹിത് വെമുല നിയമം കൊണ്ടുവരികയും ചെയ്യും എന്ന് പാർട്ടി വാഗ്ദാനം ചെയ്തു. മണ്ഡൽ കമ്മീഷന് ശേഷം പ്രാദേശിക പാർട്ടികളോട് പരാജയപ്പെട്ട കോൺഗ്രസ് ഇപ്പോൾ പിന്നോക്കവിഭാഗങ്ങളെ തങ്ങളുടെ പക്ഷത്തേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നു. അതിനാൽ, ഒരു തുടക്കമെന്ന നിലയിൽ, എസ്.സി., എസ്.ടി., ഒ.ബി.സി., സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കായി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ പകുതി സീറ്റുകൾ സംവരണം ചെയ്യുന്നതിനായി പാർട്ടിയുടെ ഭരണഘടന ഭേദഗതി ചെയ്തു. കഴിഞ്ഞ വർഷം ഉദയ്പൂർ ചിന്തൻ ശിവിറിൽ പാർട്ടി നടത്തിയ മതപ്രതിപത്തിയുള്ള പ്രഖ്യാപനങ്ങൾ തൽക്ഷണം തന്നെ ഉപേക്ഷിച്ചു. വരും മാസങ്ങളിൽ പാർട്ടി റായ്പൂർ പ്രമേയങ്ങൾ എങ്ങനെ പാലിക്കുന്നുവെന്നത് നിരീക്ഷിക്കപ്പെടും.
ദരിദ്രർക്ക് ഒരു നിശ്ചിത വരുമാനവും, സാമൂഹിക സംരക്ഷണവും നിയമപരമായി ഉറപ്പ് നൽകുന്ന “സമ്പൂർണ സമാജിക് സുരക്ഷ” എന്ന ചട്ടക്കൂട് കൊണ്ടുവരുമെന്ന് പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. “ന്യൂനതം ആയ് യോജനക്ക്” (ന്യായ്) കീഴിൽ അടിസ്ഥാന വേതനത്തിനുള്ള അവകാശം, ആരോഗ്യത്തിനുള്ള അവകാശം, അവിവാഹിതരായ സ്ത്രീകൾ, വൃദ്ധർ, വികലാംഗർ എന്നിവർക്കുള്ള പെൻഷനുകൾ, ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ മാതൃകയിൽ സമഗ്രമായ സംയോജിത ശിശു വികസന പദ്ധതി, ഗുണനിലവാരമുള്ള പ്രാഥമിക വിദ്യാഭ്യാസം, പ്രസവാവധി അവകാശങ്ങൾ എന്നിവയിലൂടെ എല്ലാ ഇന്ത്യക്കാർക്കും സാർവത്രിക അവകാശങ്ങൾ പാർട്ടി വാഗ്ദാനം ചെയ്യുന്നു. വർദ്ധിച്ചുവരുന്ന അസമത്വങ്ങൾ, തൊഴിലില്ലായ്മ, കഴിവിന് യോജിച്ച തൊഴിലിന്റെ അഭാവം തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ ലോകമെമ്പാടും ഒരു പുതിയ ക്ഷേമ ചട്ടക്കൂട് ചർച്ച ചെയ്യപ്പെടുകയാണ്. കോൺഗ്രസിന്റെ ആശയങ്ങൾ ഇന്ത്യയിൽ കാര്യവിവരമുള്ള പുത്തൻ സംവാദത്തിന് കാരണമാകും. 2019-ലെ പൊതു തിരഞ്ഞെടുപ്പിന് പാർട്ടി ന്യായ് പദ്ധതിയേയും സാർവത്രിക വരുമാന പദ്ധതിയേയും ആശ്രയിച്ചിരുന്നെങ്കിലും അതിൽ നിന്ന് വലിയ നേട്ടമൊന്നും ഉണ്ടാക്കാനായില്ല. ഉറപ്പായ വരുമാനവും നല്ല ഭാവിയും അത് വഴി സാമൂഹ്യ സ്ഥാനവും വാഗ്ദാനം ചെയ്തുകൊണ്ട് ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി.) ഹിന്ദുത്വയേയും മറ്റ് വാഗ്ദാനങ്ങളേയും പ്രതിരോധിക്കാനാവുമെന്ന് കോൺഗ്രസ് ഇപ്പോൾ പ്രതീക്ഷിക്കുന്നു. അസമത്വം കേവലം ഭൗതികമല്ലെന്നും, വിവേചനം മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല എന്നുമുള്ള വസ്തുത അംഗീകരിച്ചുകൊണ്ട്, സമീപ വർഷങ്ങളിൽ ബി.ജെ.പി.ക്ക് നേട്ടമുണ്ടാക്കികൊടുത്ത മതേതര-വർഗീയ ദ്വന്ദ്വങ്ങൾക്കപ്പുറത്തേക്ക് കോൺഗ്രസ് വാദപ്രതിവാദങ്ങൾ മുന്നോട്ട് കൊണ്ടുപോയി. ഈ തന്ത്രം വിജയിക്കണമെങ്കിൽ, കോൺഗ്രസിന് അതിന്റെ സ്വഭാവികമായ സങ്കോചത്തിൽ നിന്ന് മാറി, പുതിയ ചിന്തയുമായി ഒത്തുചേർന്ന ശക്തമായ ഒരു രാഷ്ട്രീയ പ്രചാരണം കെട്ടിപ്പടുക്കേണ്ടതുണ്ട്.
This editorial has been translated from English, which can be read here.
COMMents
SHARE