ശരാശരി ഉയർന്ന താപനില ഏകദേശം 29.54 ഡിഗ്രി സെൽഷ്യസ് ആയിരുന്നതിനാൽ 1901 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഫെബ്രുവരി മാസമായിരുന്നു 2023-ലേത് എന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അടുത്തിടെ പറഞ്ഞത്. ‘വസന്തവും’, ‘ശീതകാല മാസവുമായി’ ഐ.എം.ഡി. കണക്കാക്കുന്ന ഫെബ്രുവരിയിൽ സാധാരണയായി താഴ്ന്ന 20-കളിലാണ് താപനില രേഖപ്പെടുത്തുന്നത്. മാസത്തിലെ കുറഞ്ഞ താപനില പോലും താരതമ്യേന ഉയർന്നത് കൊണ്ട് ഉഷ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. ശരാശരി കൂടിയ താപനില സാധാരണയിൽ നിന്ന് 1.73 ഡിഗ്രി സെൽഷ്യസ് അധികവും, കുറഞ്ഞ താപനില 0.81 ഡിഗ്രി സെൽഷ്യസ് കൂടുതലുമാണ്. ഐ.എം.ഡി.യുടെ ഏറ്റവും പുതിയ വിലയിരുത്തൽ പ്രകാരം, ഈ പ്രവണതകൾ വേനൽക്കാലത്തും തുടരാൻ സാധ്യതയുണ്ട്. വടക്ക്-കിഴക്ക്, കിഴക്ക്, മധ്യ, വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ഭൂരിഭാഗവും “സാധാരണയിൽ കവിഞ്ഞ” താപനില രേഖപ്പെടുത്തുമെന്ന് വിലയിരുത്തപ്പെടുന്നു. വടക്ക്-കിഴക്ക്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, കേരളം, കർണാടകയുടെ തീരപ്രദേശങ്ങൾ എന്നിവയൊഴികെ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും മാർച്ച്-മെയ് മാസങ്ങളിൽ ഉഷ്ണതരംഗങ്ങൾക്ക് സാധ്യതയുണ്ട്. പരമാവധി താപനില 45 ഡിഗ്രി സെൽഷ്യസിനു മുകളിലായിരിക്കുമ്പോഴോ അല്ലെങ്കിൽ പ്രദേശത്തെ സാധാരണ താപനിലയേക്കാൾ 4.5 ഡിഗ്രി കൂടുതലോ ആണെങ്കിൽ ‘ഉഷ്ണതരംഗം’ ആണെന്ന് പറയാം. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിൽ ഉഷ്ണതരംഗങ്ങളുടെ ആഘാതം വർധിപ്പിച്ചതായി പഠനങ്ങൾ പറയുന്നുണ്ട്. കടുത്ത ചൂട് മൂലമുള്ള മരണങ്ങളിൽ 55 ശതമാനം വർധനവുണ്ടായതായും അമിതമായ ചൂട് 2021-ൽ ഇന്ത്യക്കാർക്കിടയിൽ 167.2 ബില്യൻ തൊഴിൽ മണിക്കൂറുകൾ നഷ്ടപ്പെടുത്താൻ കാരണമായെന്നുമാണ് ഒരു ലാൻസെറ്റ് പഠനം പറയുന്നത്.
വർഷങ്ങളായി ഉയർന്നുകൊണ്ടിരിക്കുന്ന താപനില ഗോതമ്പിന്റെ വിളവിനെ ബാധിച്ചു. മാർച്ചിൽ സാധാരണയേക്കാൾ അധികമായിരുന്ന ചൂട് വളർച്ചാ ഘട്ടത്തിൽ വിളയെ ബാധിച്ചതുകൊണ്ട് 2021-22-ൽ ഇന്ത്യക്ക് 106.84 ദശലക്ഷം ടൺ ഗോതമ്പാണ് ഉൽപ്പാദിപ്പിക്കാനായത്. ഇത് 2020-21-ലെ 109.59 ദശലക്ഷം ടണ്ണിനേക്കാൾ കുറവായിരുന്നു. ഈ താപനില വരുന്ന മഴക്കാലത്തെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല, കാരണം മാർച്ചിന് ശേഷം മാത്രമേ ആഗോള പ്രവചന മാതൃകകൾക്ക് സമുദ്രോപരിതല അവസ്ഥകൾ വിശകലനം ചെയ്യാനും വിശ്വസനീയമായി കണക്കുകൂട്ടാനും കഴിയൂ. കഴിഞ്ഞ നാല് വർഷങ്ങളിൽ മൂന്ന് വർഷവും ഇന്ത്യയിൽ സാധാരണയിൽ കൂടുതൽ മഴ പെയ്തത് പ്രാഥമികമായി ലാ നിന അഥവാ ഭൂമധ്യരേഖയോട് അടുത്തു കിടക്കുന്ന പസഫിക്കിൽ സാധാരണ താപനിലയേക്കാൾ തണുപ്പ് കൂടിയത് മൂലമാണ്. ഇത് കുറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഒടുവിൽ ഒരു എൽ നിനോയിലേക്ക് മാറി ഇന്ത്യയുടെ തീരങ്ങളിൽ നിന്ന് ഈർപ്പം വലിച്ചെടുക്കുമോ എന്ന് കണ്ടറിയണം. പ്രാദേശിക കാലാവസ്ഥയും ഋതുക്കളും തമ്മിലുള്ള പരസ്പരബന്ധം സങ്കീർണ്ണമാണ്. ഉയരുന്ന ഉഷ്ണതരംഗത്തിന്റെ തീവ്രതയെ ‘കാലാവസ്ഥാ വ്യതിയാനം’ എന്ന് കുറ്റപ്പെടുത്താമെങ്കിലും, ഇതിനു പിന്നിലുള്ള ശാസ്ത്രം കൃത്യതയില്ലാതെ തുടരുന്നു. എന്നിരുന്നാലും, പൊതുജനാരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്താനും ഉയർന്ന താപനിലയിൽ നിന്നുള്ള വെല്ലുവിളികളെ നേരിടാനുമുള്ള ഒരു മുന്നറിയിപ്പായിരിക്കണം ഇത്. പല സംസ്ഥാനങ്ങൾക്കും പ്രവർത്തന പദ്ധതികളും മുൻകൂർ മുന്നറിയിപ്പ് സംരംഭങ്ങളുമുണ്ട്. എന്നാൽ ഇവയുടെ വ്യാപനം, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ, അപര്യാപ്തമാണ്. നേരത്തെ പാകമാകുന്ന പുതിയ വിത്ത് ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിന് മണ്ണും ജല പരിപാലന രീതികളും മാറ്റുവാൻ കർഷകരെ സഹായിക്കുന്ന കാര്യത്തിൽ കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്.
This editorial has been translated from English, which can be read here.
COMMents
SHARE