ബംഗളൂരുവിലെ ധനമന്ത്രിമാരുടേയും സെൻട്രൽ ബാങ്ക് ഗവർണർമാരുടേയും (എഫ്.എം.സി.ബി.ജി.) രണ്ട് സുപ്രധാന ജി-20 മന്ത്രിതല യോഗങ്ങളും ഡൽഹിയിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗവും (എഫ്.എം.എം.) യുക്രെയ്ൻ യുദ്ധ വിഷയത്തിൽ സമവായമില്ലാതെ സമാപിച്ചതിന് ശേഷം, ജി-20 അധ്യക്ഷസ്ഥാനത്തെക്കുറിച്ചുള്ള സർക്കാരിന്റെ തന്ത്രം വിലയിരുത്തുന്നതിനായി നയതന്ത്രജ്ഞരും ജി-20 ഉദ്യോഗസ്ഥരും താൽക്കാലികമായി യോഗങ്ങൾ നിർത്തിവയ്ക്കണം. ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിക്കുശേഷം ആഗോള സാമ്പത്തിക ഏകോപനത്തെ സഹായിക്കുന്നതിനായി 1999-ൽ സ്ഥാപിതമായ, ഇരുപത് ഏറ്റവും വികസിത സമ്പദ്‌വ്യവസ്ഥകളുടെ പ്രധാന “ഫിനാൻസ് ട്രാക്കിന്റെ” ഭാഗമാണ് എഫ്.എം.സി.ബി.ജി. മറ്റൊന്ന്, “ഷെർപ്പ ട്രാക്ക്”, ഓരോ വർഷവും ജി-20 യുടെ ലക്ഷ്യങ്ങൾ നേടുന്നതിനായി പ്രവർത്തിക്കുന്നു. റഷ്യയും പടിഞ്ഞാറൻ രാജ്യങ്ങളും തമ്മിലുള്ള ഭിന്നതകൾ മറികടക്കാൻ കഴിഞ്ഞ വർഷം ഇന്തോനേഷ്യയിൽ ആർജിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ, ചലനാത്മക ഭൗമരാഷ്ട്രീയ മാറ്റങ്ങൾക്കിടയിൽ പ്രസിഡന്റ് സ്ഥാനത്തിന്റെ വെല്ലുവിളികൾ ഇന്ത്യക്ക് വ്യക്തമായിട്ടുണ്ടാവണം. എന്നാൽ, മൂന്ന് മാസം മുമ്പ് റഷ്യയും ചൈനയും യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് പരാമർശിക്കുന്നതിനായി അംഗീകരിച്ച വാക്കുകൾ, ബെംഗളുരുവിൽ വെച്ച് അംഗീകരിക്കാൻ വിസമ്മതിച്ചതാണ് അതിശയിപ്പിക്കുന്നത്. തൽഫലമായി, ധനമന്ത്രി നിർമ്മല സീതാരാമൻ ഒരു സംയുക്ത പത്രക്കുറിപ്പിന് പകരം അധ്യക്ഷയുടെ സംഗ്രഹവും പരിണിത ഫലത്തിന്റെ രേഖയും മാത്രം പുറത്തിറക്കാൻ നിർബന്ധിതയായി. റഷ്യയും ചൈനയും എതിർത്ത ഖണ്ഡികകൾ അവരുടെ പേരെടുത്തുപറഞ്ഞ് രേഖയിൽ ഉൾപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. ഇത് ഒരു പുതിയ കീഴ്‌വഴക്കമാണ്. കഴിഞ്ഞ വർഷം ഇന്തോനേഷ്യൻ യോഗത്തിലെ അധ്യക്ഷൻ, നേതൃതലത്തിലും എഫ്.എം.സി.ബി.ജി.യിലും സംയുക്ത പത്രക്കുറിപ്പുകളിൽ പേര് പറയാതെ “നിരവധി”, “മിക്ക” രാജ്യങ്ങളുടെ വികാരങ്ങളാണ് പ്രകടിപ്പിച്ചത്. ബംഗളൂരുവിലെ യോഗം തകർച്ചയുടെ വക്കോളമെത്തിയതിന് ശേഷം, എഫ്.എം.എമ്മി.നായി മറ്റൊരു സംയുക്ത പ്രസ്താവനയ്ക്ക് സർക്കാർ ചർച്ചകൾ നടത്താൻ തീരുമാനിച്ചത് അൽപ്പം ആശ്ചര്യകരവും, അതിമോഹവുമായിരുന്നു. ഒടുവിൽ, ബാലി യോഗത്തിൽ നിന്നുള്ള രണ്ട് ഖണ്ഡികകളിന്മേലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അധ്യക്ഷന്റെ സംഗ്രഹവും പരിണിതഫല രേഖകളും പുറത്തിറക്കി. ഇത് ആദ്യമായാണ് എഫ്.എം.എമ്മു.കൾ പ്രസ്താവനകൾ പുറപ്പെടുവിക്കാൻ ശ്രമിക്കുന്നത്.
രണ്ട് യോഗങ്ങളും ഇന്ത്യയുടെ ജി-20 പ്രക്രിയയ്ക്ക് ദുർഘടമായ തുടക്കമാണ് നൽകിയതെങ്കിലും, സെപ്റ്റംബറിൽ നടക്കുന്ന നേതൃത്വ ഉച്ചകോടിക്ക് ഒരു കഠിനമായ പാത മുന്നിലുണ്ട്. ഭക്ഷ്യ-ഊർജ്ജ സുരക്ഷ, വായ്പയുടെ കൈകാര്യം തുടങ്ങിയ ദക്ഷിണ ലോകത്തിന്റെ നിർണായക വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഭൂരിഭാഗവും പരിഹരിക്കപ്പെട്ടതായി ജയശങ്കർ ചൂണ്ടിക്കാട്ടി. രണ്ടാമതായി, ബാലി ഉച്ചകോടിയിൽ ഉപയോഗിച്ച പദപ്രയോഗങ്ങളെ ഇന്ത്യക്ക് ആശ്രയിക്കാൻ കഴിയില്ലെന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് യുക്രെയ്നിനെക്കുറിച്ച് ഷെർപാകൾക്ക് ഒരു പുതിയ സമവായത്തിന്റെ ഭാഷ ആവശ്യമായി വരും. പദപ്രയോഗങ്ങളെക്കുറിച്ചുള്ള റഷ്യൻ ആവലാതികളും, ബാലി രേഖയിൽ റഷ്യയെ അപലപിക്കുന്നതിൽ ലഭിച്ച വിജയം നിലനിർത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ആഗ്രഹവും പരിഗണിക്കണമെങ്കിൽ അതീവ ശ്രദ്ധയും സർഗ്ഗാത്മകമായ സൂത്രവാക്യങ്ങളും ആവശ്യമാണ്. ആതിഥേയൻ എന്ന നിലയിൽ, ഇന്ത്യ ‘ഹോട്ട്-സീറ്റിൽ’ ആണ്. ജി-7 ലെ ശക്തമായ രാജ്യങ്ങൾ, യു.എസ്. നേതൃത്വത്തിലുള്ള വികസിത രാജ്യങ്ങൾ, ഇപ്പോൾ ശക്തിപ്പെട്ടിരിക്കുന്ന റഷ്യ-ചൈന കൂട്ടുകെട്ട് എന്നിവ ഒഴികെ ഈ കൂട്ടായ്മയിലുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തുന്നത് ഒരു സമവായത്തിന്റെ പാത കണ്ടെത്തുന്നതിൽ ഇന്ത്യക്ക് പ്രയോജനം ചെയ്യും.
This editorial has been translated from English, which can be read here.
COMMents
SHARE