ഫെബ്രുവരിയിൽ ശേഖരിച്ച ഏകദേശം 1.5 ലക്ഷം കോടി രൂപയുടെ മൊത്ത ചരക്ക് സേവന നികുതി (ജി.എസ്.ടി.) പല രീതിയിലും ശ്രദ്ധേയമാണ്. ജി.എസ്.ടി. വരുമാനം 1.4 ലക്ഷം കോടി രൂപയിൽ കൂടുതലായി തുടരുന്ന പന്ത്രണ്ടാമത്തെ മാസവും ഈ നികുതി വ്യവസ്ഥ നിലവിൽ വന്നതിന് ശേഷമുള്ള നാലാമത്തെ ഏറ്റവും ഉയർന്ന വരുമാനവുമുള്ള മാസവുമായിരുന്നു ഫെബ്രുവരി. 2022-23-ലെ ആദ്യ 11 മാസങ്ങളിലെ ശരാശരി പ്രതിമാസ ജി.എസ്.ടി. വരവ് ഇപ്പോൾ 1,49,776 കോടി രൂപയാണ്, 2021-22 വരെയുള്ള ശരാശരി പ്രതിമാസ വരുമാനമായ 1.23 ലക്ഷം കോടി രൂപയേക്കാൾ 21.5 ശതമാനം കൂടുതൽ. രസകരമെന്നു പറയട്ടെ, ഈ വർഷം ഇതുവരെയുള്ള ശരാശരി പ്രതിമാസ വരുമാനം എട്ട് മാസങ്ങളിൽ യഥാർത്ഥ വരുമാനത്തേക്കാൾ കൂടുതലാണ്. മറ്റ് മൂന്ന് മാസങ്ങളിൽ വരുമാനം ശരാശരിയേക്കാൾ ഉയർന്നതുകൊണ്ടാണിത്. 2022 ഏപ്രിൽ (പ്രതിമാസ വരുമാനം 1.67 ലക്ഷം കോടി രൂപയിൽ കൂടുതലാണ്), 2022 ഒക്‌ടോബർ, 2023 ജനുവരി (ഈ മാസങ്ങളിലെ വരുമാനം 1.57 ലക്ഷം കോടി രൂപയായി പിന്നീട് ഉയർത്തിയിരുന്നു) മാസങ്ങളിലാണ് വരുമാനം ഉയർന്നത്. പാദാവസാനവും വർഷാവസാനവും റിട്ടേൺ ഫയൽ ചെയ്യുന്നതുകൊണ്ടാണ് തുടർന്നുള്ള പാദത്തിലെ ആദ്യ മാസങ്ങളിൽ വരുമാന വർദ്ധനവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം കൊണ്ടുവന്ന നയ മാറ്റങ്ങൾ കാരണം കൂടുതൽ നികുതിദായകർ റിട്ടേണുകൾ സമർപ്പിക്കുന്നുവെന്ന സർക്കാരിന്റെ ജനുവരിയിലെ വാദത്തിന് ഇത് വിശ്വാസ്യത നൽകുന്നു – നികുതിദായകരുടെ എണ്ണം കുറഞ്ഞ ഒരു രാജ്യത്തിന് ഇതൊരു നല്ല ലക്ഷണമാണ്.
അതേസമയം, ജി.എസ്.ടി. വരുമാനത്തിന്റെ ഘടനയിൽ പ്രകടമായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ 10 മാസങ്ങളിൽ ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള നികുതി വരുമാനം 29 ശതമാനം വർദ്ധിച്ചു. അതേസമയം, ആഭ്യന്തര ഇടപാടുകളിൽ നിന്നും സേവന ഇറക്കുമതിയിൽ നിന്നുമുള്ള നികുതിയിൽ 22 ശതമാനം വർദ്ധനവ് വന്നു. ജനുവരിയിലെ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും, ഫെബ്രുവരിയിൽ ആഭ്യന്തര വരുമാനത്തിൽ നിന്നുള്ള നികുതി, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ളതിനേക്കാൾ ഉയർന്ന വളർച്ച രേഖപ്പെടുത്തിയത് മൂന്ന് മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ്. ആഭ്യന്തര വരുമാനത്തിൽ നിന്നുള്ള നികുതി 15 ശതമാനവും ഇറക്കുമതിയിൽ നിന്നുള്ളത് വെറും 6 ശതമാനവുമാണ് വർദ്ധിച്ചത്. ജനുവരിയിലെ ഇറക്കുമതിയിലുണ്ടായ കുത്തനെയുള്ള ഇടിവ് മൂലമാണിതെങ്കിലും, ഉയർന്നു നിന്നിരുന്ന ചരക്ക് വില കുറഞ്ഞത് കൂടാതെ, ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കുന്ന വിവേചന വസ്തുക്കളുടെ ആഭ്യന്തര ഉപഭോഗം കുറഞ്ഞതായും ഇത് സൂചിപ്പിക്കുന്നു. ആഭ്യന്തര നികുതി വരുമാന പ്രവണതകൾ പല സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ് എന്നത് ആശങ്കയുണർത്തുന്ന മറ്റൊരു കാര്യമാണ്. 2023-24 ബജറ്റ് നികുതി വളർച്ചയിലെ കുതിപ്പ് കുറയുമെന്ന് അനുമാനിക്കുന്നതിനാൽ ജി.എസ്.ടി. വരുമാന വളർച്ച ഈ വർഷത്തെ ഏകദേശം 22 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തിക മാന്ദ്യം നേരിടാനായി ലോകം തയ്യാറെടുക്കുമ്പോൾ ഇതിനെ ഒരു പ്രായോഗിക വീക്ഷണമായി കാണാം. എന്നാൽ “28 ദിവസമുള്ള” മാസത്തിൽ സാധാരണ വരുമാനം കുറവാണെന്ന് വാദിച്ചുകൊണ്ട് ഫെബ്രുവരിയിലെ ജി.എസ്.ടി. വരുമാനത്തെ ഉയർത്തി കാണിക്കാനുള്ള ധനകാര്യ മന്ത്രാലയത്തിന്റെ ശ്രമം, സത്യരഹിതവും അനാവശ്യവുമാണ്. 31 ദിവസങ്ങളുള്ള ജനുവരിയിൽ നടത്തിയ ഇടപാടുകളുടെ വരുമാനമാണ് ഫെബ്രുവരിയിൽ പ്രതിഫലിക്കുന്നത്. ഈ യുക്തിയനുസരിച്ച്, ഫെബ്രുവരിയിൽ ചുരുങ്ങിയ പ്രവർത്തന ദിവസങ്ങളുണ്ടായിരുന്നതിനാൽ മാർച്ചിലെ നികുതി വരവിൽ കുറവ് വരേണ്ടതാണ്.
This editorial has been translated from English, which can be read here.
COMMents
SHARE