അറിവിന് നേരെയുള്ള ആക്രമണം

സർക്കാരിതര മേഖലയെ നിയമക്കുരുക്കിലേക്ക് വലിച്ചിഴക്കരുത്

March 06, 2023 11:28 am | Updated 11:28 am IST

വിദേശ സംഭാവന നിയന്ത്രണ ചട്ടപ്രകാരം (എഫ്‌.സി.ആർ.എ.) രാജ്യത്തെ പ്രമുഖ ആശയരൂപീകരണ വിദഗ്ധസംഘമായ സെന്റർ ഫോർ പോളിസി റിസർച്ചിന്റെ (സി.പി.ആർ.) ലൈസൻസ് മരവിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം പുറമെനിന്ന് വീക്ഷിക്കുമ്പോൾ മാത്രമല്ല അന്തസത്തയിലും നന്നായി കാണപ്പെടുന്നില്ല. സി.പി.ആറിന്റെ ജീവനക്കാരുടെ ആദായനികുതി രേഖകളിലെ വീഴ്ചകൾ, കണക്കെടുപ്പ് പ്രക്രിയയിലെ നടപടിക്രമങ്ങളുടെ അഭാവം എന്നിവ അധികാരികൾ ഉദ്ധരിച്ച കാരണങ്ങളിൽ ഉൾപ്പെടുന്നു. ഇത് കൂടാതെ, പുസ്തകങ്ങളുടെ പ്രസിദ്ധീകരണം സി.പി.ആറിന്റെ ലക്ഷ്യങ്ങളുടെ ഭാഗമല്ലെന്ന് ചൂണ്ടിക്കാണിച്ച്, അതിലേക്ക് തുക വഴിതിരിച്ചുവിട്ടത് ശരിയല്ലെന്ന് അധികാരികൾ ആരോപിക്കുന്നു. ഒരു പ്രശസ്‌തമായ സ്ഥാപനത്തെ നിയമനടപടികളുടെ ചെളിക്കുഴിയിലേക്ക് വലിച്ചിഴയ്‌ക്കാനുള്ള വ്യഗ്രത ഈ ശ്രമങ്ങളിലൂടെ വളരെ വ്യക്തമാണ്. സർക്കാരുകളുമായും പൊതു-സ്വകാര്യ മേഖലകളുമായും സഹകരിച്ച് ഭരണം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ സി.പി.ആർ. ഏർപ്പെടാറുണ്ട്. സമീപകാലത്ത് സർക്കാരിന്റെ രോഷം നേരിടുന്ന നിരവധി സർക്കാരിതര സ്ഥാപനങ്ങളും പ്രചാരണ സംഘങ്ങളുമുണ്ട്. എന്നാൽ സി.പി.ആറിനെതിരായ നടപടികൊണ്ട് ഭരണകൂടത്തിന്റെ സഹിഷ്ണുത വളരെ മോശം നിലയിലേക്ക് താഴ്ന്നിരിക്കുന്നു. ഇത് എല്ലാത്തരം വിജ്ഞാന സൃഷ്ടികളോടുമുള്ള വിവരണാതീതമായ എതിർപ്പിനെ എടുത്തുകാട്ടുന്നു. വിദേശ നിക്ഷിപ്ത താൽപ്പര്യങ്ങൾ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തെ അനാവശ്യമായി സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഒരു നിയന്ത്രണ സംവിധാനമാണ് എഫ്‌.സി.ആർ.എ. എന്നാൽ, സർക്കാരിതര മേഖലയെ ബലഹീനമാക്കുന്ന വിധത്തിൽ നിയമത്തിന്റെ വ്യാപകമായ പ്രയോഗം പ്രതികാരത്തിന്റെ വക്കോളമെത്തുന്ന ചിന്താശൂന്യമായ സമീപനത്തെ സൂചിപ്പിക്കുന്നു.

ഉന്നത വിദ്യാഭ്യാസത്തിന്റേയും ഗവേഷണത്തിന്റേയും നിലവാരം ഉയർത്തുന്നതിന് ഇന്ത്യയിലേയും, വിദേശത്തേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള കൈമാറ്റങ്ങളും സഹകരണവും സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നു. സാങ്കേതിക മികവിന്റെയും ഉൽപ്പാദനത്തിന്റെയും കേന്ദ്രമായി മാറാനും ഇന്ത്യ ആഗ്രഹിക്കുന്നു. അടുത്തിടെ, രണ്ട് ഓസ്‌ട്രേലിയൻ സർവകലാശാലകൾ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഇന്ത്യയുടെ ആഗോള അഭിലാഷങ്ങൾ സി.പി.ആറിന്റെ മേലുള്ള നിയന്ത്രണങ്ങൾ പോലുള്ള ഭരണകൂടത്തിന്റെ അരക്ഷിതവും പിന്തിരിപ്പനുമായ നടപടികളുമായി പൊരുത്തപ്പെടുന്നില്ല. ആഗോള സഹകരണത്തിന് രണ്ട് ദിശകളിലേക്കും വിവരങ്ങൾ, വ്യക്തികൾ, ധനസഹായം എന്നിവയുടെ ഒഴുക്ക് അനിവാര്യമാണ്. ദേശീയ സുരക്ഷാ കാരണങ്ങളാൽ ഇവക്കുമേലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് എല്ലായിടത്തും ഭരണത്തിന്റെ ഭാഗമാണ്, സ്വീകാര്യവുമാണ്. എന്നാൽ ഇവ മിതമായി ഉപയോഗിക്കേണ്ടതാണ്. അന്താരാഷ്ട്ര സാങ്കേതിക വിദ്യയും മൂലധന പ്രവാഹവും തേടുമ്പോൾ തന്നെ, ഇന്ത്യയുടെ ചിന്താധാര വിദേശികളിൽ നിന്ന് മാറ്റിനിർത്തണമെന്ന് കരുതുന്നത് വിരോധാഭാസമാണ്. എന്തുതന്നെയായാലും, ഇന്ത്യയോളം വേഗത്തിൽ വളരുന്ന ഒരു രാജ്യത്തിന്, ഗവേഷണ ശേഷിയിൽ വൻതോതിലുള്ള വിപുലീകരണം കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്ലാ മേഖലകളിലും വിജ്ഞാന ചക്രവാളങ്ങൾ തുടർച്ചയായി വികസിപ്പിക്കുന്നതിന് സർക്കാർ ധനസഹായത്തോടൊപ്പം, സ്വകാര്യവും, ജീവകാരുണ്യപരവുമായ ധനസഹായവും ഇന്ത്യയ്ക്ക് അത്യന്താപേക്ഷിതമാണ്. സർക്കാർ സഹിഷ്ണുത കാട്ടുക മാത്രമല്ല, സി.പി.ആർ. പോലെയുള്ള നിരവധി സ്ഥാപനങ്ങളുടെ ആവിർഭാവത്തിന് വഴിയൊരുക്കുകയും വേണം.

This editorial has been translated from English, which can be read here.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.